പേജുകള്‍‌

2021 ഡിസംബർ 31, വെള്ളിയാഴ്‌ച

കൊറോണക്കാലത്തെ സ്വപ്നം

ലോകത്ത് കൊറോണ ഭീതി പടർത്തിത്തുടങ്ങിയ നാളുകളിലൊന്നിലാണ് വെക്കേഷനും കഴിഞ്ഞ് പ്രവാസത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത്.

എല്ലാ കൂടമാറ്റങ്ങളുടേയും തുടക്കത്തിൽ സാധാരണ ഉണ്ടാകാറുള്ള ജലദോഷവും പനിയും ഇത്തവണയും പതിവ് തെറ്റിച്ചില്ല , കൊറോണ പ്പേടി കാരണം പക്ഷെ ഇപ്രാവശ്യം ഞാൻ പതിവ് തെറ്റിച്ച് ഡോക്ടറെ കണ്ടു.
പിറ്റേന്ന് രാവിലെ ഉണർന്നെണീറ്റപ്പോൾ 'റിസ്ക്' എടുക്കാൻ തയ്യാറല്ലാത്ത ഒരു സഹമുറിയൻ റൂം മാറിപ്പോകാൻ തയ്യാറായി സാധനങ്ങളെല്ലാം പായ്ക്കു ചെയ്തു നിൽക്കുന്നു , പരിസരമെല്ലാം കൊറോണയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വാർത്തകളായത്കൊണ്ട് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. 'ഇനി കൊറോണയാണെങ്കിലും പേടിക്കേണ്ടെന്നും ഞങ്ങൾ കൂടെയുണ്ടെന്നുമുള്ള' കൂടെ താമസിക്കുന്ന മറ്റുള്ളവരുടെ മനസ്സു തൊട്ട ആശ്വാസ വാക്കുകൾ എന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായിരുന്നു ! അങ്ങിനെ മരുന്നു കഴിച്ചില്ലെങ്കിൽ ഏഴു ദിവസം നിൽക്കുമായിരുന്ന പനി മരുന്നു കഴിച്ചത് കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ മാറിക്കിട്ടി.

നാട്ടിൽ കൊറോണക്കെതിരെ ജാഗ്രത പാലിക്കാൻ കർഫ്യൂ വരെ പ്രഖ്യാപിച്ചതറിയുന്നത് ജർഫിലേക്കുള്ള താമസ മാറ്റത്തിനിടെ !
അബൂദാബിയിൽ നിന്ന് വടക്കോട്ട് യാത്ര ചെയ്ത് ദുബൈയും ഷാർജയും കഴിഞ്ഞ് ഇപ്പോൾ അജ്മാനിൽ എത്തി നിൽക്കുന്ന യാത്ര ഇനി എവിടേക്കെന്നറിയില്ല.
പുതിയ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് കാഴ്ച നേരെ ചെന്നെത്തുന്നത് തൊട്ടടുത്ത ഖബർസ്ഥാനിലേക്ക് ,
ശ്മശാനങ്ങളൊക്കെ ഒരു കാലത്ത് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു തന്നിരുന്നത്. മുറ്റത്തെ മാവിൽ നിന്നും, തന്റെ കർമ്മം നിർവ്വഹിച്ചു കാൽച്ചുവട്ടിലേക്ക് കൊഴിഞ്ഞുവീണ ഒരില മരണത്തിന്റെ അനിവാര്യതയാണ് ജീവിതമെന്ന് എത്ര നിസ്സാരമായാണ് എന്നെ ബോധ്യപ്പെടുത്തിയത് !
ആ ബോധ്യമാണ് ശ്മശാനങ്ങളോടുള്ള ഭയമകറ്റിയത്.

വെള്ളിയാഴ്ചയിലെ ഉച്ചവെയിൽ ബബർസ്ഥാന് മുകളിൽ നിശ്ചലമായിക്കിടക്കുന്നു ,  സമയാസമയങ്ങളിലെ മുക്രിയുടെ ബാങ്കു വിളി കഴിഞ്ഞാൽ തൊട്ടടുത്ത പള്ളിയും നിശ്ചലം, ദൈവത്തിനോടും സുല്ലു പറയിപ്പിച്ച് ഒരു പിടിയും തരാതെ കൊറോണയെന്ന ഭീകരൻ !

ആ ദിവസങ്ങളിലൊന്നിലാണ് ഞാൻ പടച്ചോനെ സ്വപ്നം കാണുന്നത് !
നടേ പറഞ്ഞ ചിന്തകളൊക്കെ ഉപബോധ മനസ്സിൽ തങ്ങിനിന്നത് കൊണ്ടാകാം സ്വപ്നവും  അത്തരത്തിലായത് !
തൊട്ടടുത്ത് പള്ളിയുണ്ടായിട്ടും ഖബർസ്ഥാനിലാണ് പടച്ചോൻ വന്നിറങ്ങിയത്. നേരിയ നിലാവുള്ള രാത്രിയായിരുന്നു അന്ന്, ആകാശ യാത്രികരുടെ വേഷത്തിൽ വന്നിറങ്ങിയത് ആരാണെന്ന എന്റെ സംശയം തീർത്തു തന്നത് പടച്ചോൻ തന്നെ. പക്ഷെ കൊറോണയെ പ്രതിരോധിക്കാനാണ് ഈ വേഷത്തിൽ വന്നതെന്ന് പറഞ്ഞപ്പോഴാണ്, 'എന്ത് , പടച്ചോനും കൊറോണപ്പേടിയോ ' എന്ന് ഞാൻ ഞെട്ടിയത്.
പക്ഷെ, ഉണർച്ചയിലേക്ക് ഞെട്ടിയത് പുള്ളിക്കാരന്റെ ആകാശവാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് , ഉണർച്ചക്ക്‌ ശേഷവും ആ പ്രത്യേക ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. ശെരിക്കും സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആ ശബ്ദത്തിന്റെ ഉറവിടം മന:സ്സിലായത് അത് സഹമുറിയന്റെ കൂർക്കംവലിയായിരുന്നു.

2009 ജൂലൈ 20, തിങ്കളാഴ്‌ച

കാണാക്കുരുക്കില്‍.....

കത്തിയമര്‍ന്ന നായിഫ് സൂക്കിന്റെ മുന്നിലൂടെ കടന്നു പോയപ്പോഴാണ്, കുറച്ചുകാലം സഹമുറിയനായിരുന്ന മാഹിക്കാരന്‍ സുഹൃത്ത് ജോലി ചെയ്യുന്ന റെഡിമയ്ഡ് ഷോപ്പ് ഇവിടെ അടുത്താണല്ലൊ എന്നോര്‍ത്തത്. ഏതായാലും ഇതുവരെ വന്നതല്ലെ അവിടെയുണ്ടെങ്കില്‍ ഒന്നു കണ്ടിട്ട് പോകമെന്നു കരുതി.

"അല്ലാ ഇതാരാ.. കുറേയായല്ലൊ കണ്ടിട്ട് എവിട്യാ ഇപ്പൊ" എന്തോ സാധങ്ങള്‍ വാങ്ങാന്‍ കയിറിയ, ജീന്‍സും ടിഷര്‍ട്ടും ധരിച്ച മധ്യവയസ്കനായ അറബിയെ നോക്കുന്നതിനിടയില്‍ കണ്ട പാടെ കുശലാന്വേഷണങ്ങള്‍ തുടങ്ങി.

താന്‍ സൗദിയാണെന്നും, സാധനങ്ങള്‍ക്ക് വില കൂടുതല്‍ പറയുമെന്ന സംശയമാണ് തങ്ങളുടെ വേഷമായ കന്തൂറ(സൗദികള്‍ 'തോപ്പ്'എന്നു പറയും) ധരിക്കാതെ ഈ വേഷത്തിലിറങ്ങാന്‍ കാരണമെന്നും പറയുകയായിരുന്നു അറബി .

"തനിക്കു ചേരാത്ത ഈ വേഷത്തില്‍ സ്വന്തം വില കുറയുന്നത് പക്ഷെ ഇയാളറിയുന്നില്ല" റഫീക്കിന്റെ കമന്റ് എന്നോടായിരുന്നു.

"ഇനി നീ പറയ് എവിടെയാ ഇപ്പൊ കുറേയായല്ലൊ കണ്ടിട്ട്" കസ്റ്റമര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"താമസം ഷാര്‍ജയിലേക്ക് മാറിയതിനു ശേഷം ഈ വഴിക്കധികം വരാറില്ല, ഇടയ്ക്ക് ഒരിക്കലിവിടെ വന്നിരുന്നു നീയപ്പൊ നാട്ടില്‍ പോയതാണെന്നറിഞ്ഞു, എന്നാ നാട്ടീന്ന് തിരിച്ചെത്ത്യേത്"?

"വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. പെങ്ങടെ കല്യാണണ്ടായിരുന്നു അതാണ്ട് കഴിഞ്ഞിട്ടി. ഇപ്പൊ ബാദ്ധ്യതകളൊക്കെ തീര്‍ന്നു. ഇനി കല്യാണത്തിന്റെ വകേല് കുറച്ചു കടങ്ങളൂടി ഭാക്കിണ്ട് അതുകൂടി തീര്‍ന്നുകിട്ടിയാല്‍ സലാമത്തായി" കണ്ണുകളില്‍ ആശ്വാസത്തിനെ തെളിച്ചം, വാക്കുകളില്‍ ആത്മ വിശ്വാസവും.

സ്വന്തം കഥയൊക്കെ നേരത്തെ അവന്‍ പറഞ്ഞിട്ടുണ്ട്.

ബാപ്പ വളരെ നേരത്തെ തന്നെ മരിച്ചതാണ്. ഉമ്മയും രണ്ടു പെങ്ങന്മാരും അനിയനുമടങ്ങിയ കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലായത്കൊണ്ട് സ്കൂള്‍ പഠനം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു. കഠിനാദ്ധ്വനിയായ റഫീക്കിനെ പിന്നെ എല്ലം പഠിപ്പിച്ചത് ജീവിതാനുഭങ്ങളാണ്. മറ്റുകുടുംബ ബന്ധുക്കളില്‍ നിന്നനുഭവിച്ച അവഗണനകളെക്കുറിച്ചു പറയുമ്പോഴും അരോടും പരിഭവമില്ല. തെറ്റിലേക്കു പോകാന്‍ ഒരുപാടു സാഹചര്യങ്ങളുണ്ടായിട്ടും,
അതിലൊന്നും പെട്ടുപോകാതിരുന്നതില്‍ ആശ്വാസം കൊള്ളുന്നു. ആകെ ഉണ്ടായിരുന്നത് സിനിമാഭ്രാന്ത്, കുറേ സിനിമ കാണും അതുമാത്രം.

എന്തിനും തന്റേതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള റഫീക്കിന്റെ ശത്രുപക്ഷത്തുള്ളവരും കറവല്ല. തനിക്ക് ശെരിയെന്നു തോന്നുന്നത് ആരുടെയും മുഖത്ത് നോക്കി തുറന്നു പറയുന്ന സ്വഭാവമാണ് അതിനു കാരണം.

പക്ഷെ തനിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതില്‍ രോഷം കൊള്ളുന്നു. ആ രോഷം സമൂഹത്തില്‍, വിശേഷിച്ച്, നിരുത്സാഹപ്പെടുത്തേണ്ട അനാചാരങ്ങളെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കുന്ന സ്വന്തം സമുദായത്തിലെ പൗരോഹിത്യ വര്‍ഗ്ഗത്തിനെതിരെയായിരുന്നു.

"സ്ത്രീക്ക് അങ്ങോട്ട് 'മഹര്‍' കൊടുത്തേ വിവാഹബന്ധം പടുള്ളൂ എന്നു കല്പിച്ച സമുദായത്തില്‍ തന്നെ സ്വര്‍ണ്ണവും,കാറും,ലക്ഷങ്ങളുമൊക്കെ കിട്ടിയാലെ വിവാഹം നടത്തൂ എന്ന ദുശ്ശാഠ്യം.സ്ത്രീധന സമ്പ്രദായത്തിനെതിരെ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇന്ന് എത്ര വിവാഹങ്ങള്‍ സ്ത്രീധനമില്ലാതെ നടക്കുന്നുണ്ട്?! ആര്‍ഭാട്പൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹമെന്ന ധൂര്‍ത്ത്, അയല്‍ക്കാരന്റെ പണക്കൊഴുപ്പിനൊപ്പമെത്താന്‍ വ്യഗ്രത കാണിക്കുന്ന ദുരഭിമാനം, അല്പമെങ്കിലും ആര്‍ഭാടം കാണിച്ചില്ലെങ്കില്‍ സമൂഹത്തില്‍ താന്‍ ഒറ്റപ്പെടുമോ എന്ന ഭയം, കേരളത്തിലെ ചില പള്ളി മഹല്ലുകളൊക്കെ മുസ്ലിം കല്യാണത്തിന് വീഡിയോ റിക്കാര്‍ഡിംഗ് പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്, അതേ പൗരോഹിത്യമേലാളര്‍ പക്ഷെ സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ, ആര്‍ഭാടപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹ ധൂര്‍ത്തിനെതിരെ എന്തുകൊണ്ടങ്ങിനെയൊരു നിലപാടെടുക്കുന്നില്ല". റഫീക്ക് നിര്‍ത്താതെ വീണ്ടും തുടര്‍ന്നു.

"ഇതെന്തിനാ ചെങ്ങാതീ ഇത്ര ചൂട്" റഫീക്കിന്റെ ചൂട് കണ്ടപ്പോള്‍ ഇടക്കു കയറി ചോദിച്ചു, പക്ഷെ നിറുത്താന്‍ ഭാവമില്ല.

"വിവാദ സാമൂഹ്യപാഠ പുസ്തകത്തിനെതിരെ പള്ളികളിലൂടെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത
സമുദായ നേതൃത്വാവകാശികള്‍ സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ അങ്ങിനെയൊരു നിലപാടെടുത്തിരുന്നുവെങ്കില്‍ സ്വന്തം സമുദായത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അനാചാരങ്ങളും ധൂര്‍ത്തുമൊക്കെ തീര്‍ച്ചയായും ഒരു പരിധിവരെയെങ്കിലും തടയാന്‍ കഴില്ലെയെന്നു ചിന്തിച്ചുപോകുന്നു".

"ഇതിനോടൊക്കെ എതിര്‍പ്പ് തോന്നുന്ന നീയും ഇതൊക്കെതന്നെയല്ലെ ചെയ്തത്"

"അറ'യുടെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കേണ്ടി വന്നു സ്വര്‍ണ്ണത്തിന്റെയും, സ്ത്രീധനത്തിന്റേയും കാര്യത്തില്‍ എന്റെ നിലപാടുകള്‍ കൂറച്ചൊക്കെ നടപ്പാക്കാന്‍ കഴിഞ്ഞെങ്കിലും".

"അതെന്തെ 'കുറച്ചൊക്കെ'യെന്ന്"

"അത് പെങ്കുട്ട്യേള്‍ടെ കാര്യത്തില്‍ വല്ലാതെ കടുമ്പിടുത്തം പിടിച്ചാല്‍ ശെര്യാവൂല"

"ആ, എല്ലാത്തിനിം എതിര്‍ക്കേംചെയ്യും സ്വന്തം കാര്യം വരുമ്പൊ ഓരോ മുടന്തന്‍ ന്യായങ്ങളും,
നീയിപ്പൊ രോഷം കൊണ്ട കാര്യങ്ങളൊക്കെ കുറേ ആള്‍ക്കാര് പറഞ്ഞതും കുറേ ചര്‍ച്ച ചെയ്തതുമൊക്കെയാ പിന്നെ പറയുന്നോര്‍ക്ക് കുറച്ചാശ്വാസം കിട്ടും അത്രതന്നെ"

"ഭായ് എക് ബനിയന്‍ ദോ" പിന്നെയും എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു പഠാണി കയറിവന്നു.

"ജഡ്ഡി ചാഹിയെ" ബനിയന്‍ കൊടുത്തതിന് ശേഷം റഫീക്കിന്റെ ചോദ്യം.

"ചഡ്ഡി, ചഡ്ഡി ഹം ക്യാ കരേഗ" പഠാണിയുടെ മറുപടിയില്‍ ചിരിക്കതിരിക്കാന്‍ കഴിഞ്ഞില്ല.

"അവര്‍ക്ക് ഉപയോഗമില്ലാത്തതെന്തിനാ വേണോന്ന് ചോദിക്ക്ണ് "
റഫീക്കിനോട് യത്രപറഞ്ഞിറങ്ങി.

"ഹല്ലോ..." കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു പിന്‍‌വിളി, പരിചയമുള്ള ശബ്ദം.

"ഹാ.. ഇതാരാ.." തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ട്രോളിയില്‍ അരിച്ചാക്കും മറ്റെന്തൊക്കെയോ സാധനങ്ങളുമായി തള്ളിക്കൊണ്ടുവരുന്ന മൊയ്തീന്‍.

"ഇപ്പൊ ഈ ഭാഗത്തൊന്നും ഇല്ലേ, നട്ടില്‍ പോയിരുന്നോ, കാണ്ടിട്ട് കുറേയായി... "

"എല്ലാങ്കൂടീ ഒരുമിച്ച് ചോദിക്കല്ലെ ഒരോന്നോരോന്ന് ചോദിക്ക്" മൊയ്തീന്റെ നോണ്‍സ്റ്റോപ്പ് ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഇടക്കു കയറി.

"അപ്പൊനിക്ക് മറുപടി കേള്‍ക്കാന്‍ സമയണ്ടാവൂല" കയ്യിലെ ചെറിയ ടവ്വല്‍ കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് മൊയ്തീന്‍ പറഞ്ഞു.

"അതെന്താ തെരക്കിലാ.."

"ഞമ്മക്കെപ്പഴാ തെരക്കില്ലാത്തെ എപ്പഴാ വിളിവരാന്ന് പറയമ്പറ്റൂല"

"സാരെ ജഹാംസെ അച്ഛാ ഹിന്ദൂസ്‌താ ഹമാര ഹമാ..." പിറന്ന നാടിനോടുള്ള ഇഷ്ടം മൊയ്തീന്റെ മൊബൈല്‍ റിംഗ്‌ടോണിലും.

അധികം സംസാരിക്കുന്നതിന് മുമ്പേ പ്രതീക്ഷിച്ച വിളി വന്നു. പ്രയാസപ്പെട്ടു ട്രോളിയും തള്ളിക്കൊണ്ടു പോകുന്ന മൊയ്തീനെ നോക്കി നിന്നപ്പോള്‍ മറ്റൊരു കൂട്ടുകാരന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തി.

കുറച്ചു കാലത്തെ സൗദി ജീവിതം സമ്മാനിച്ച കൂട്ടുകാരില്‍ ഒരാള്‍ ആന്റണി. സദിയിലെത്തിയ ആദ്യ നാളുകളില്‍ ജോലികിട്ടിയത് ഒരു കാര്‍പെറ്റു കടയില്‍. ആരോഗ്യവാന്മാരായ യമനികളുടെ കൂടെ അശുവായി ഒരാന്റണി.

"ഭാരമേറിയ കാര്‍പെറ്റ്റോളുകള്‍ എങ്ങിനെ പൊക്കാന്‍ കഴിയുന്നു" എന്ന ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആന്റണിയുടെ മറുപടി ഇങ്ങിനെ.

"അത് വളരെ ഈസി കാര്‍പ്പെറ്റിന് ഭാരക്കൂടുതല്‍ തോന്നുമ്പോള്‍ ഞാനെന്റെ പ്രരാബ്ദങ്ങളെയും പ്രശ്നങ്ങളേയും കുറിച്ചോര്‍ക്കും അപ്പൊ എനിക്ക് ശക്തി കൂടും അല്ലങ്കില്‍ കര്‍പ്പെറ്റിന്റെ ഭാരം കുറയും
സോസിമ്പിള്‍"

ഇനിയുള്ള ദൂരം താണ്ടാന്‍ ഉത്തേജനം നല്‍കുന്ന അതിജീവനത്തിന്റെ മന്ത്രം.
(ആ സുഹൃത്ത് ഇപ്പോള്‍ നല്ലനിലയിലാണെന്നറിഞ്ഞത് സന്തോഷം തരുന്നു.)

ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ആശ്വസമേകാന്‍ തന്റെ പരിശ്രമങ്ങളൊന്നും മതിയാവുന്നില്ലെന്നറിയുമ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ കണികയാണ് തുടര്‍ന്നുള്ള ജീവിതത്തിന് പ്രേരണയും ഊര്‍ജ്ജവും നല്‍കുന്നത്.

2009 ജൂലൈ 12, ഞായറാഴ്‌ച

കരഞ്ഞാലും പാലുകിട്ടാത്ത കുഞ്ഞുങ്ങള്‍!

ഏതു ഗവണ്മെന്റ് അവതരിപ്പിക്കുന്ന ബജറ്റിലും പ്രഖ്യാപിക്കുന്ന പദ്ധതികളിലുമൊക്കെ പ്രവാസികള്‍ക്ക് അവഗണന മാത്രം എന്ന പരാതി എപ്പോഴുമുണ്ടാകും. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത് പ്രവാസി വോട്ടവകാശത്തെക്കുറിച്ചാണ്. ഈ അടുത്ത ദിവസങ്ങളിലാണ് ആദ്യം ഇറാനികളും പിന്നെ ഇന്തോനേഷ്യക്കാരുമായ പ്രവാസികള്‍ ഇവിടെ (യൂ ഏ ഈ) നമ്മുടെ കണ്മുന്നില്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് പ്രതീക്ഷയോടെ നാം ഇന്ത്യക്കാര്‍ നോക്കി നിന്നത്.
ഏതു നിയമമാണ് നമുക്കതിന് വിലങ്ങുതടിയാവുന്നത്? ഈ ഹൈടെക്‍ യുഗത്തിലും എന്ത് സങ്കേതികത്വമാണ് നമുക്ക് തടസ്സം നില്‍ക്കുന്നത് ! എന്നൊക്കെ ചിന്തിച്ചുപോകുക സ്വഭാവികം.
സമ്പദ്ഘടനയെ താങ്ങി നിര്‍ത്താന്‍ മുറുനാട്ടില്‍ നിന്നൊഴികിയെത്തുന്ന കോടികളില്‍ അവഗണിക്കാന്‍ കഴിയാത്ത തങ്ങളുടെ പങ്കിന്റെ കണക്കു പറഞ്ഞ് മൂക്കുപിഴിഞ്ഞിട്ടൊന്നും കാര്യല്ല. പുനരിധിവാസത്തിനുള്ള മര്‍ഗ്ഗങ്ങള്‍ പ്രവാസികള്‍ തന്നെ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. ആശ തരുന്ന ഏതു ഗവണ്മെന്റു വന്നാലും ആശങ്ക തന്നെ ഭാക്കിയാവും.
പ്രാദേശികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട പല പ്രവാസി കൂട്ടായ്മകളും അവര്‍ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങളുടെ സാമൂഹിക, സാംസ്കാരിക,വിദ്യാഭ്യാസ മേഘലകളുടെയൊക്കെ ഉന്നമനത്തിനായി നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇത്തരം സംഘടനകളെയെല്ലാം ഒരുമിച്ചുകൂട്ടി വ്യവസായ മേഘലകളിലോ അതല്ലെങ്കില്‍ പ്രത്യുത്പാദനപരമായ മറ്റേതെങ്കിലും നിക്ഷേപങ്ങളോ കണ്ടെത്തി സ്വയം പുനരധിവാസമുറപ്പിച്ച് സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തിയായി മാറാതെ ഈ വിലാപം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ഓര്‍മ്മക്കുറിപ്പുകള്‍ 1

കഠിനമായ ചൂടില്‍ വെന്തുരുകുന്ന ഓഗസ്റ്റിലെ ഒരു സായഹ്നം.

ദുബൈ ദേരയിലെ നായിഫില്‍ വച്ചാണ് മൊയ്തീനെ വീണ്ടും കണ്ടുമുട്ടുന്നത് .

ഏറെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കാണുന്നത് കൊണ്ട് സംശയത്തോടെ അടുത്തുചെന്നു


"മൊയ്തീനല്ലെ"

ആളെ മനസ്സിലായെങ്കിലും ഒന്നുകൂടി ഉറപ്പുവരുത്താന്‍ വേണ്ടി ചോദിച്ചു .ചിലപ്പോള്‍ ഞാനുദ്ദേശിച്ച ആളല്ലെങ്കിലൊ.


"അതെ"

എന്റെ ഉദ്ദേശം തെറ്റിയില്ല അത് മൊയ്തീന്‍ തന്നെ


"എന്നെ പിടികിട്ടീല അല്ലെ"

മൊഇയ്തീന്റെ കണ്ണുകളിലെ സംശയം കണ്ടപ്പോള്‍ ചോദിച്ചു


"ഞാന്‍....എനിക്ക്.."


"മനസ്സിലാവ്ണില്ല അല്ലെ"


"എവിടെയോവച്ച് ഞാന്‍ കണ്ടിട്ടുണ്ട് അതെവ്ട്ന്നാന്ന് ഓര്‍മ്മക്ട്ട്ണില്ല"

മൊയ്തീന്‍ വീണ്ടും തന്റെ ഓര്‍മ്മകളില്‍ പരതി പരാജയപ്പെട്ടു


"ഓര്‍മ്മയില്‍ എന്നെ കിട്ടണമെങ്കില്‍ ഒരു പത്തിരുപത് കൊല്ലം പിന്നിലേക്ക് പോണം.ബോംബെയിലെ നാഗ്പാഡയിലേക്ക് അവിടെ ചാവക്കാട്ടുകാരന്‍ മുഹമ്മത്ക്കയുടെ കടയില്‍ കുറച്ചു കാലം ഞാനുണ്ടായിരുന്നു അവിടെ... "

പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പെ മൊയ്തീന്‍ എന്നെ കെട്ടിപ്പിടിച്ചു.


"ഉണ്യേ ഇന്‍ക്ക് പെട്ടെന്ന് ഓര്‍മ്മകിട്ടീലടാ"


"എങ്ങിനെ ഓര്‍മ്മകിട്ടാനാ.. കാലം കുറെയായില്ലെ നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഇരുപത് വര്‍ഷം അതൊരു നീണ്ട കാലയളവ് തന്നെയല്ലെ"

പിന്നെ വിശേഷങ്ങളറിയാനുള്ള തിടുക്കമായി രണ്ടുപേര്‍ക്കും.


എട്ടുവര്‍ഷത്തിലേറെയായി മൊയ്തീന്‍ ദുബൈയില്‍ വന്നിട്ട് പ്രായത്തേക്കാളേറെ അവശത അവന്റെ ശരീരത്തിനുണ്ടെന്ന് തോന്നി.സ്വന്തം പ്രാരബ്ദങ്ങളും പ്രയാസങ്ങളുമാണ് കാരണമെന്ന്
പിന്നീട് മനസ്സിലായി.

സംസാരത്തിനിടെ അന്നത്തെ സൗഹൃദവലയങ്ങളിലുണ്ടായിരുന്നവരില്‍ പലരും ഓര്‍മ്മച്ചെപ്പിന്റെ ഏതൊക്കെയോ കോണില്‍ നിന്നും ഞങ്ങളുടെ മുന്നിലേക്കിറങ്ങിവന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബെയിലെ 'നഗ്‌പഡ'യില്‍ ഒരു കടയില്‍ ഞാന്‍ ജോലിചൈയ്തിരുന്ന കാലം.അവിടെ വച്ചാണ് മൊയ്തീനെ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത്.

അതൊരു കാലം.

സ്വാതന്ത്ര്യത്തിന് സ്വയം കല്പിച്ച അതിരുകളല്ലാതെ,നിയന്ത്രണത്തിന്റെ പരിചിത മുഖങ്ങളെ പേടിക്കാതെ ജീവിതത്തിന്റെ രുചിഭേധങ്ങള്‍ പരീക്ഷിച്ചറിയാന്‍ കൗതുകം തോന്നിയിരുന്ന തീഷ്ണ യൗവനം. പല പരീക്ഷണങ്ങള്‍ക്കും വേദിയായ മഹാ നഗരം.വിപ്ലവവും,നിഷേധവുമൊക്കെയായി കഴിഞ്ഞിരുന്ന കാലം,എങ്ങിനെ ജീവിക്കണമെന്നും എങ്ങിനെ ജീവിക്കരുതെന്നും പാഠം നല്‍കിയ മഹാ നഗരം.അണ്ടര്‍ വേള്‍ഡും, കലാപങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ബോബെയെന്ന മഹാ നഗരം.

ബോംബെയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ 'കാമാട്ടിപ്പുര'യിലാണ് മൊയ്തീനന്ന് കട നടത്തിയിരുന്നത്. ചുറുപ്പത്തിന്റെ ആവേശത്തിലും മൊയ്തീന്‍ പ്രകടിപ്പിച്ചിരുന്ന പക്വതയും,തന്റേടവും അവന് പ്രായമായവര്‍ക്കിടയിലും സ്ഥാനം നല്‍കിയിരുന്നു.
(അല്ലെങ്കിലും കാമാട്ടിപ്പുര പോലൊരു സ്ഥലത്ത് കട നടത്തണമെങ്കില്‍ കുറ്ച്ചൊന്നും തന്റേടം പോരെന്നു തോന്നിയിട്ടുണ്ട്) അങ്ങിനെ എന്റെ കടയുടമസ്ഥന്റെ സുഹൃത്തായിരുന്ന മൊയ്തീന്‍ എന്റേയും കൂട്ടുകാരനായി.

മൊയ്തീന്റെ കടയിലെ സഹായിയും മറ്റൊരു മൊയ്തീന്‍ തന്നെയായത്കൊണ്ട് ഞങ്ങള്‍ക്കവന്‍ 'ചോട്ടാ' മൊയ്തീനായിരുന്നു.

ഉന്തുവണ്ടിയില്‍ തണ്ണിമത്തനും,ഇളനീരും,പഴങ്ങളുമൊക്കെയായി സീസണനുസരിച്ച് കച്ചവടം നടത്തിയിരുന്ന 'സൈതാലിക്ക', സൈതാലിക്ക ഉണ്ടാക്കി തന്നിരുന്ന മുളകിട്ട ഉശിരന്‍ മീന്‍ കറിയുടെ രുചി ഇന്നും നാവിലൂറുന്നു അദ്ദേഹത്തിന്റെ ഉയരക്കുറവ് എന്നില്‍ എന്റെ ഉപ്പയുടെ ഓര്‍മ്മകളുണര്‍ത്തിയിരുന്നു.

ബോംബെ സെന്റ്റലില്‍ കച്ചവടം നടത്തിയിരുന്ന 'പിള്ളച്ചേട്ടന്‍'‍.

ടൂറിസ്റ്റ് ബസ്സില്‍ ഡ്രൈവറായിരുന്ന 'മുഹമ്മദ്കുട്ടി'.

സിഗരറ്റ് കടം കൊടുക്കാത്തതിന്റെ പേരില്‍ കടയില്‍ നിന്നും വലിച്ചു പുറത്തെടുത്തിട്ട

ഗുണ്ട(ഷൗക്കത്ത് എന്ന ഇതേ ഗുണ്ടയും പിന്നീട് കൂട്ടുകാരില്‍ ഒരാളായി മാറി)യുടെ കയ്യില്‍ നിന്നും എന്നെ രക്ഷിച്ച,മഹാരാഷ്ട്ര ബാസ്കറ്റ്ബോള്‍ ടീമില്‍ അംഗമായിരുന്ന നീണ്ടു മെലിഞ്ഞ് സുമുഖനായ 'നോമന്‍'. അങ്ങിനെയങ്ങിനെ..

ങാ.. ഒരാളെക്കുറിച്ചുകൂടി പറയതിരിക്കാന്‍ വയ്യ.'ദല്‍ഹി ദര്‍ബാര്‍ റെസ്റ്റാറന്റി'ന് മുമ്പില്‍ 'കാംബട്ടലൈനില്‍' ഒരു കെട്ടിടത്തിന്റെ കോണിച്ചുവട്ടില്‍ 'മെസ്സ്' നടത്തിയിരുന്ന 'അലവി'.

ദല്‍ഹി ദര്‍ബാറിന്നടുത്തായത് കൊണ്ടും ഞങ്ങളുടെ പല 'ദര്‍ബാറുകളും' കൂടിയിരുന്നത് ഇവിടെ വച്ചായത് കൊണ്ടും ഞങ്ങള്‍ക്കിത് 'അലവിദര്‍ബാറായിരുന്നു'.

അങ്ങിനെയങ്ങിനെ പേരുകള്‍ മറന്നുപോയെങ്കിലും രൂപം ഓര്‍മ്മയില്‍ തെളിയുന്ന ഇനിയുമെത്രപേര്‍ ആരൊക്കെ,എവിടെയൊക്കെയെന്നാര്‍ക്കറിയാം. ഇത്പോലെ ഇനി ആരെയെങ്കിലും കണ്ടുമുട്ടാന്‍ കഴിയുമോ?.

വര്‍ഷങ്ങള്‍ കടന്നു പോയതറിയുന്നില്ല ഓര്‍ക്കുന്നത് കുറെ സംഭവങ്ങള്‍ മാത്രം.
വെളിയങ്കോട് പുതുപൊന്നാനി പാലത്തിനടിയിലൂടെ വെള്ളമെത്ര
അറ്ബിക്കടലിലേക്കൊഴുകിച്ചേര്‍ന്നു, പൊന്നാനിപ്പുഴയില്‍ നിന്നും മണലെത്ര കോരിത്തീര്‍ന്നു
കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയില്‍ ചമ്മ്രവട്ടം കടവിന്റെ അക്കരെയിക്കരെ പരിഭ്രമത്തോടെ കടന്നിരുന്ന കാലം ഗ്രഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രം,ആ പുഴയിന്നെവിടെ .
'കത്രീന' വന്നു,11/9 സംഭവിച്ചു, സുനാമിവന്നു, ബുഷ് പോയി ഒബാമയും വന്നു, ഇപ്പൊ സാമ്പത്തിക മാന്ദ്യവും.അങ്ങിനെയെന്തൊക്കെ സംഭവിച്ചു. സംഭവിച്ചുകൊണ്ടിരിക്കുന്നു.. .
................................................
.....ഒരു നിശ്ചയവുമില്ലൊന്നിനും
വരുമോരോദശ വന്നപോലെ പോകും(ചങ്ങമ്പുഴ)

ഇരുപതു വര്‍ഷം എന്നത് നീണ്ട ഒരു കാലയളവ് തന്നെയായിരുന്നു.

മൊയ്തീനില്‍ നിന്നും സൈദാലിക്കയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ ഒരു തേങ്ങലുയര്‍ന്നു.കുറെയായി നാട്ടിലായിട്ട് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുണ്ടായ ബോംബെ കലാപത്തില്‍ അദ്ദേഹത്തിന്റെ വണ്ടിയെല്ലാം നഷ്ടപ്പെട്ടിരുന്നു, മാത്രമല്ല പ്രായം നല്‍കിയ അവശതകളും അദ്ദേഹത്തെ ബോംബെ വിടാന്‍ നിര്‍ബന്ധിതനാക്കി കുറച്ചു കാലം രോഗ ശയ്യയിലായ അദ്ദേഹം അധികം താമസിയാതെ മരണപ്പെടുകയും ചെയ്തു.

ജീവിത യാത്രയില്‍ നാം കണ്ടുമുട്ടുന്ന ചിലരെങ്കിലും നമ്മെ പലതും ഓര്‍മ്മിപ്പിച്ചും ചില അനുഭവ പാഠങ്ങള്‍ നകിയും കടന്നു പോകുന്നു.പലരും ഓര്‍മ്മകളില്‍ തെളിയുമ്പോള്‍ മനസ്സിലേവിടെയോ
നേരിയൊരു നൊമ്പരമുയരരുന്നില്ലെ.

ഇന്ന് എത്തിയിടത്തിരുന്ന് ചിന്തിക്കുമ്പോള്‍ സൈദാലിക്കയെപ്പോലെ കഴിഞ്ഞുപോയവരുടെ പല വാക്കുകളുടെയും പ്രസക്തി തിരിച്ചറിയുന്നു,ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളായിരുന്നു അവരുടെയൊക്കെ വാക്കുകളെന്ന്.

2008 ജൂലൈ 5, ശനിയാഴ്‌ച

തിരിച്ചുപോക്ക്

ആരീ യന്‍പില്‍ അതിര്‍‌വരമ്പിട്ടു

അരീ സൗഹൃദങ്ങളില്‍ വിഷം നിറച്ചു

എനിക്കവനന്യനായ് ഞാനവനും

സംശയിച്ചീടുന്നു പരസ്പരം പിന്നെ.


കാണുമോ കയ്യില്‍ ആയുധം‌വല്ലതും

അപായപ്പെടുത്തുമോ ഉപായത്തിലെന്നെ.


ഉണ്ടായിരുന്നൊരു കാലമവര്‍തമ്മില്‍

‍കാണാതിരിക്കാന്‍ കഴിയാത്ത നാളുകള്‍.



‍പോകണം ആ നല്ലകാലത്തിലേക്ക്

തിരിച്ചെത്തുമോ വീണ്ടു മാനല്ലകാലം.



മുറ്റത്തെ കുറ്റിമുല്ലയോടും

കാറ്റിനോടും, കാട്ടരുവിയോടും

കിന്നാരം ചൊല്ലിനിര്‍‌ബാധമല‍ഞ്ഞ

നിഷ്കളങ്ക ഗ്രാമത്തിന്‍ പച്ചപ്പിലേക്ക്

കാലം തിരിഞ്ഞെങ്കില്‍ ബാല്യത്തിലേക്ക്.



തകൃതിയില്‍ കാലം കാട്ടിയ വികൃതിയായ്

അമ്മതന്‍ വേര്‍പാടിന്‍ അഗ്നിയുണ്ടവിടെ

ഉണ്ടെന്റെയുള്ളില്‍ അമ്മയന്നൂതിയ

നേരറിന്റെ നെരിപ്പോടു മാത്രം.



കാലം തിരിഞ്ഞുകുട്ടി ക്കാലത്തിലെത്തിയാല്‍

‍ദാരിദ്ര്യമെന്ന പിശാചുകാണുമവിടെ

തിരിച്ചെത്തണംപെറ്റ വയറിലേക്ക്തന്നെ

പരമ്പൊരുളാമമ്മതന്‍ ഗര്‍ഭപാത്രത്തില്‍ പിന്നെ

ചടഞ്ഞവിടെക്കൂടണം ഭ്രൂണമായ്‌തന്നെ.

2007 ഡിസംബർ 31, തിങ്കളാഴ്‌ച

കൂട്ടു കാരനെ ഓര്‍ത്ത്

ഇതൊരു ഓര്‍മ്മക്കുറിപ്പാണ് ,
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പുതു വര്‍ഷപ്പുലരിയില്‍
ആരോടും ഒന്നും പറയാതെ എവിടെയൊ പോയ് മറഞ്ഞ എന്റെ കൂട്ടുകാരനെ ഓര്‍ത്ത് , തന്റെ മരണത്തിന് മുമ്പ് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചു വരുമെന്നോര്‍ത്ത് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവൃദ്ധ മാതാവിനോടൊപ്പം , എന്റെ പ്രിയ കൂട്ടുകാരന് വേണ്ടി ഞാനും .



അനിവാര്യമയൊരു കൂടുമാറ്റത്തിനൊടുവില്‍
‍അങ്ങാടിയിലേക്കന്നാ ഇടവഴിയില്‍
‍ആദ്യമായ് കണ്ടുമുട്ടിനാം ചെറു പുഞ്ചിരിയോടെ
അഗാധമാത്മ ബന്ധത്തിനാരംഭമായതാ ചെറു പുഞ്ചിരി .
നാം നടന്നു തീര്‍ക്കാത്ത പാതയേതുണ്ട് ഗ്രാമത്തില്‍
ചര്‍ച്ചക്കെടുക്കാത്ത വിഷയമേതുണ്ടുലകത്തില്‍ .
പൈങ്കിളികളും കുറ്റാന്വേഷണങ്ങളുമായിരുന്നെന്റെ വായനയെ
ദിശമാറ്റി നീ നവ ചിന്തയിലേക്ക് .
ഈഗോകളിടയുന്ന ഇസങ്ങളും,
വിശ്വാസവൃത്തത്തിനപ്പുറത്തെവിസ്മയങ്ങളുമറിഞ്ഞന്നുഞാന്‍ ,
അരുതുകള്‍ക്കപ്പുറത്തെ കൗതുകങ്ങളില്‍-
ഉള്‍പുളകത്തിന്‍ നിറച്ചാര്‍ത്തുനല്‍കിയ പരീക്ഷണങ്ങളും ,
ഉള്‍ക്കാഴ്ച നല്‍കിയനിന്‍ നിരീക്ഷണങ്ങളും .
ചിരികളില്‍ കൂട്ടായി എനിക്കെന്റെ ദു:ഖങ്ങളിലും നീ ,
നൊമ്പരമുണര്‍ത്തുന്നാ സൗഹൃദസുഗന്ധത്തിന്‍-
നഷ്ടമെന്നുയിരില്‍
ഓര്‍മ്മകളൊഴുകിയെത്തുന്നു ഹൃദയത്തില്‍,
മായ്കാന്‍ കഴിഞ്ഞില്ല കാലത്തിനൊന്നും
മറഞ്ഞതെങ്ങുഞാനറിയാതെ നീ
പറയാതെയെങ്ങുപോയി നീയെന്റെ കൂട്ടുകാരാ ,
തിരികെ വരുമെന്നു തന്നെയെന്നാത്മാവു ചൊല്ലുന്നു ,
വരില്ലെ നീ എവിടെയാണെങ്കിലുമെന്‍ പ്രിയ കൂട്ടുകാരാ.. .

________________________________________________________
നവവല്‍സരാശംസകള്‍:-
2007 സ്നേഹവും അടുപ്പവുമുള്ള ഒരുപാടു പേരുടെ വേര്‍പാടുളില്‍ മനം
നൊന്ത വര്‍ഷം,
പക്ഷെ കടന്നു പോയത് ഒരു പൊന്നുമോനെ കൂടി നല്‍കി സന്തോഷവും ആഹ്ലാദവും പകര്‍ന്നു കൊണ്ടാണ് - നല്ലപാതിക്ക് രണ്ട് ദിവസവും കൂടി ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പുതുവര്‍ഷപ്പുലരിയിലാക്കാമായിരുന്നു - .
എല്ലാ സഹോദരങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ
നല്ല നാളേകളാശംസിക്കുന്നു .

2007 സെപ്റ്റംബർ 12, ബുധനാഴ്‌ച

പുണ്യങ്ങളുടെ പൂക്കാലം

ഇത് റംസാന്‍ ,
പുണ്യങ്ങളുടെ പൂക്കാലം,വിശ്വാസിക്ക് നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു കാര്യങ്ങളില്‍ നാലാമത്തേത് റംസാന്‍ മാസത്തിലെ നോമ്പനുഷ്ടാനം, പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ച് സകല തിന്മകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍, ആത്മീയമായും ശാരീരികമായും സ്വയം പ്രാര്‍പ്തനാവാന്‍ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുന്നു.
പുണ്യങ്ങള്‍ പൂക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകള്‍, വൃത ശുദ്ധിയോടെ, ആത്മശുദ്ധിയോടെ , ദൈവപ്രീതിക്കായി, ലോകജനതയുടെ സമാധാനത്തിനായി, ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ .

2007 ഓഗസ്റ്റ് 29, ബുധനാഴ്‌ച

പറയാതെ വയ്യ

ഇന്നലെ 'എഷ്യനെറ്റ്' വാര്‍ത്തയില്‍ കണ്ടൊരു ദൃശ്യം ഹൃദയം വേദനിപ്പിച്ചു, സംഭവം ലാലുവിന്റെ ബീഹാറില്‍, ഒരു സ്ത്രീയുടെ മാല മോഷ്ടിക്കന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടിക്രൂരമായി മര്‍ദ്ധിക്കുന്ന ദൃശ്യം, മര്‍ദ്ധനമേറ്റ് അവശനായ യുവാവിനെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച്കാലുകള്‍ ഒരു ബൈക്കില്‍ കെട്ടി വലിച്ചിഴക്കുന്നു, ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയേണ്ടിയിരുന്ന ഒരു പോലീസുകാരനായിരുന്നു ആ ബൈക്ക് ഓടിച്ചിരുന്നത്, ഹൃദയമുള്ള ഏതൊരാളയും വേദനിപ്പിക്കുന്ന കാഴ്ച, കൂടിനില്‍ക്കുന്നവരില്‍ ആരും തന്നെ ഒന്നു തടയാന്‍ പോലും ശ്രമിക്കുന്നില്ലന്നെത് കൂടുതല്‍ വേദനിപ്പിച്ചു, തീര്‍ച്ചയായും അയാള്‍ ചെയ്തത് തെറ്റുതന്നെ അതിന് പക്ഷെ ഇത്രയും ക്രൂരമായി ശിക്ഷിക്കണമായിരുന്നോ?!, അങ്ങിനെയെങ്കില്‍ നാടിനെയും നാട്ടുകാരെയും വഞ്ചിച്ച് കോടികള്‍ കട്ട് മുടിച്ച് നമ്മളെയൊക്കെ ഭരിച്ച് ആര്‍മാദിച്ച് നടക്കുന്ന വര്‍ഗങ്ങള്‍ക്ക് എന്ത് ശിക്ഷ നല്‍കണം ।"വെറുതെയല്ല ആളുകള്‍ നെക്സലൈറ്റൊക്കെ ആകുന്നത് , ആദ്യം‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------മക്കളായ ഭരണാധികളെയാണ് ഇങ്ങിനെയൊക്കെ ശിക്ഷിക്കേണ്ട്ണ്ടത്", ഇതു കണ്ടുകൊണ്ടിരുന്ന സഹമുറിയന്റെ രൂക്ഷ പ്രതികരണം, അമര്‍ഷം നിറഞ്ഞ മനസ്സോടെ ഞാനും അറിയാതെ ഏറ്റു പറഞ്ഞു.ഇത് ലാലുവിന്റെ നാട്ടിലാണെങ്കില്‍, പ്രബുദ്ധ? കേരളത്തില്‍ ഇതിനേക്കള്‍ ക്രൂരമായൊരു സംഭവം മുന്‍പ് നടന്നിട്ടുണ്ട് തിരുവനതപുരത്തെ പത്മ തീര്‍ത്തക്കുളത്തില്‍ ഒരുത്തനെ മുക്കി കൊല്ലുന്നതും,ഇതെല്ലാം ലൈവായി നിസ്സംഗതയോടെ നോക്കിന്‍ല്‍ക്കുന്ന പുരുഷാരത്തേയും ഇതേ ദൃശ്യ മാദ്ധ്യമങ്ങളിലൂടെതന്നെ കണ്ടവരാണ് നമ്മള്‍,സമൂഹ മനസ്സാക്ഷിക്ക് എന്താണ് സംഭവിക്കുന്നത്...?

വായന

ബ്ലോഗെഴുത്തുകാരനല്ല, ഞാന്‍ വെറുമൊരു വായനക്കാരന്‍ മാത്രം ബ്ലോഗുകളെ കുറിച്ചു കേട്ടിരുന്നെങ്കിലും ശെരിക്കും അറിഞ്ഞുതുടങ്ങിയത് അടുത്തകാലത്താണ് 'നെറ്റി'ലെ സഞ്ചാരത്തിനിടയില്‍ വഴിതെറ്റിവന്നതാണ് ഇവിടെ-വഴിതെറ്റി എന്നുപറയാന്‍ പറ്റില്ല കാരണം തെറ്റായ വഴി അല്ല എന്ന്‍ അറിഞ്ഞതുകൊണ്ട്തന്നെ-വഴിതിരിഞ്ഞു എത്തിപ്പെട്ടതാണെന്നു പറയാം, അതിന് കാരണമായത് ജി മെയ്ലിലേക്കുള്ള എന്റെ മാറ്റം,അതിപ്പോളൊരുപാട് ഗുണം ചെയ്യുന്നു .
ജീവിത വേദനക്ക്തന്നെ ആശ്വാസമേകാന്‍ വേതനം തികയാതെ വന്നപ്പോള്‍ വായനക്ക് വിലയേറുന്നത് തിരിച്ചറിഞ്ഞു, ശിഷ്ടമില്ലാതെ കഷ്ടിയായിപ്പോയ വായന ,ഓഫ്ഫീസിലെ പണിത്തിരക്കൊഴിഞ്ഞ നേരങ്ങളില്‍ ബ്ലോഗുകളിലൂടെ തുടരാന്‍ കഴിഞ്ഞതില്‍ ആഹ്ലാതം, കുറെയായി മാറി നിന്നു ശ്രദ്ധിക്കുകയായിരുന്നു, ഗൗരവമായ എഴുത്തും വയനയും ഇവിടെയും നടക്കുന്നതറിഞ്ഞു, ശക്തമായ വിമര്‍ശനങ്ങളറിഞ്ഞു-ഓണ്‍ദ സ്പോട്ട്-, (ഇപ്പള്‍ത്തള്ള അപ്പള്‍ക്കപ്പൊ)സഭ്യേതരമല്ലാത്ത കലഹങ്ങളറിഞ്ഞു-പ്രതിപ്രവര്‍ത്തനം -(എല്ലാം വേണമല്ലൊ),സഹിക്കാതെഇട്ടേച്ച് പോയവരെക്കുറിച്ചറിഞ്ഞു, പഠനാര്‍ഹമായ ലേഖനങ്ങള്‍, ലാഭേച്ചയേതുമില്ലാതെ അറിവ് പകര്‍ന്നുകൊടുക്കുന്ന ഗുരുകുലങ്ങള്‍, കലക്കും, സാഹിത്യത്തിനും, സര്‍വ്വ ശാസ്ത്രങ്ങള്‍ക്കുമപ്പുറത്ത്നന്മനിറഞ്ഞ മനുഷ്യത്വത്തിന്റെ കാരുണ്യക്കൂട്ടായ്മ, കൊച്ചു മലയാളത്തിന്റെ ഈ ബൂലോക കൂട്ടായ്മ വാളരട്ടെ പ്രപഞ്ചത്തോളം.
ഇതൊക്കെ ഇവിടെ കുറിച്ചിടാന്‍, ദക്ഷിണയില്ലാതെ ശിക്ഷണം നല്‍കി എന്നെ പ്രാപ്തനാക്കിയ വക്കാരി,സിബു, ഈ എളിയവന്റെ വായനാസാന്നിദ്ധ്യം ദക്ഷിണയായി സ്വീകരിച്ചാലും,
എല്ലാ ബൂലോകവാസികള്‍ക്കും എന്റെ സ്നേഹാശംസകള്‍.