പേജുകള്‍‌

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ഓര്‍മ്മക്കുറിപ്പുകള്‍ 1

കഠിനമായ ചൂടില്‍ വെന്തുരുകുന്ന ഓഗസ്റ്റിലെ ഒരു സായഹ്നം.

ദുബൈ ദേരയിലെ നായിഫില്‍ വച്ചാണ് മൊയ്തീനെ വീണ്ടും കണ്ടുമുട്ടുന്നത് .

ഏറെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കാണുന്നത് കൊണ്ട് സംശയത്തോടെ അടുത്തുചെന്നു


"മൊയ്തീനല്ലെ"

ആളെ മനസ്സിലായെങ്കിലും ഒന്നുകൂടി ഉറപ്പുവരുത്താന്‍ വേണ്ടി ചോദിച്ചു .ചിലപ്പോള്‍ ഞാനുദ്ദേശിച്ച ആളല്ലെങ്കിലൊ.


"അതെ"

എന്റെ ഉദ്ദേശം തെറ്റിയില്ല അത് മൊയ്തീന്‍ തന്നെ


"എന്നെ പിടികിട്ടീല അല്ലെ"

മൊഇയ്തീന്റെ കണ്ണുകളിലെ സംശയം കണ്ടപ്പോള്‍ ചോദിച്ചു


"ഞാന്‍....എനിക്ക്.."


"മനസ്സിലാവ്ണില്ല അല്ലെ"


"എവിടെയോവച്ച് ഞാന്‍ കണ്ടിട്ടുണ്ട് അതെവ്ട്ന്നാന്ന് ഓര്‍മ്മക്ട്ട്ണില്ല"

മൊയ്തീന്‍ വീണ്ടും തന്റെ ഓര്‍മ്മകളില്‍ പരതി പരാജയപ്പെട്ടു


"ഓര്‍മ്മയില്‍ എന്നെ കിട്ടണമെങ്കില്‍ ഒരു പത്തിരുപത് കൊല്ലം പിന്നിലേക്ക് പോണം.ബോംബെയിലെ നാഗ്പാഡയിലേക്ക് അവിടെ ചാവക്കാട്ടുകാരന്‍ മുഹമ്മത്ക്കയുടെ കടയില്‍ കുറച്ചു കാലം ഞാനുണ്ടായിരുന്നു അവിടെ... "

പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പെ മൊയ്തീന്‍ എന്നെ കെട്ടിപ്പിടിച്ചു.


"ഉണ്യേ ഇന്‍ക്ക് പെട്ടെന്ന് ഓര്‍മ്മകിട്ടീലടാ"


"എങ്ങിനെ ഓര്‍മ്മകിട്ടാനാ.. കാലം കുറെയായില്ലെ നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഇരുപത് വര്‍ഷം അതൊരു നീണ്ട കാലയളവ് തന്നെയല്ലെ"

പിന്നെ വിശേഷങ്ങളറിയാനുള്ള തിടുക്കമായി രണ്ടുപേര്‍ക്കും.


എട്ടുവര്‍ഷത്തിലേറെയായി മൊയ്തീന്‍ ദുബൈയില്‍ വന്നിട്ട് പ്രായത്തേക്കാളേറെ അവശത അവന്റെ ശരീരത്തിനുണ്ടെന്ന് തോന്നി.സ്വന്തം പ്രാരബ്ദങ്ങളും പ്രയാസങ്ങളുമാണ് കാരണമെന്ന്
പിന്നീട് മനസ്സിലായി.

സംസാരത്തിനിടെ അന്നത്തെ സൗഹൃദവലയങ്ങളിലുണ്ടായിരുന്നവരില്‍ പലരും ഓര്‍മ്മച്ചെപ്പിന്റെ ഏതൊക്കെയോ കോണില്‍ നിന്നും ഞങ്ങളുടെ മുന്നിലേക്കിറങ്ങിവന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബെയിലെ 'നഗ്‌പഡ'യില്‍ ഒരു കടയില്‍ ഞാന്‍ ജോലിചൈയ്തിരുന്ന കാലം.അവിടെ വച്ചാണ് മൊയ്തീനെ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത്.

അതൊരു കാലം.

സ്വാതന്ത്ര്യത്തിന് സ്വയം കല്പിച്ച അതിരുകളല്ലാതെ,നിയന്ത്രണത്തിന്റെ പരിചിത മുഖങ്ങളെ പേടിക്കാതെ ജീവിതത്തിന്റെ രുചിഭേധങ്ങള്‍ പരീക്ഷിച്ചറിയാന്‍ കൗതുകം തോന്നിയിരുന്ന തീഷ്ണ യൗവനം. പല പരീക്ഷണങ്ങള്‍ക്കും വേദിയായ മഹാ നഗരം.വിപ്ലവവും,നിഷേധവുമൊക്കെയായി കഴിഞ്ഞിരുന്ന കാലം,എങ്ങിനെ ജീവിക്കണമെന്നും എങ്ങിനെ ജീവിക്കരുതെന്നും പാഠം നല്‍കിയ മഹാ നഗരം.അണ്ടര്‍ വേള്‍ഡും, കലാപങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും എന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ബോബെയെന്ന മഹാ നഗരം.

ബോംബെയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ 'കാമാട്ടിപ്പുര'യിലാണ് മൊയ്തീനന്ന് കട നടത്തിയിരുന്നത്. ചുറുപ്പത്തിന്റെ ആവേശത്തിലും മൊയ്തീന്‍ പ്രകടിപ്പിച്ചിരുന്ന പക്വതയും,തന്റേടവും അവന് പ്രായമായവര്‍ക്കിടയിലും സ്ഥാനം നല്‍കിയിരുന്നു.
(അല്ലെങ്കിലും കാമാട്ടിപ്പുര പോലൊരു സ്ഥലത്ത് കട നടത്തണമെങ്കില്‍ കുറ്ച്ചൊന്നും തന്റേടം പോരെന്നു തോന്നിയിട്ടുണ്ട്) അങ്ങിനെ എന്റെ കടയുടമസ്ഥന്റെ സുഹൃത്തായിരുന്ന മൊയ്തീന്‍ എന്റേയും കൂട്ടുകാരനായി.

മൊയ്തീന്റെ കടയിലെ സഹായിയും മറ്റൊരു മൊയ്തീന്‍ തന്നെയായത്കൊണ്ട് ഞങ്ങള്‍ക്കവന്‍ 'ചോട്ടാ' മൊയ്തീനായിരുന്നു.

ഉന്തുവണ്ടിയില്‍ തണ്ണിമത്തനും,ഇളനീരും,പഴങ്ങളുമൊക്കെയായി സീസണനുസരിച്ച് കച്ചവടം നടത്തിയിരുന്ന 'സൈതാലിക്ക', സൈതാലിക്ക ഉണ്ടാക്കി തന്നിരുന്ന മുളകിട്ട ഉശിരന്‍ മീന്‍ കറിയുടെ രുചി ഇന്നും നാവിലൂറുന്നു അദ്ദേഹത്തിന്റെ ഉയരക്കുറവ് എന്നില്‍ എന്റെ ഉപ്പയുടെ ഓര്‍മ്മകളുണര്‍ത്തിയിരുന്നു.

ബോംബെ സെന്റ്റലില്‍ കച്ചവടം നടത്തിയിരുന്ന 'പിള്ളച്ചേട്ടന്‍'‍.

ടൂറിസ്റ്റ് ബസ്സില്‍ ഡ്രൈവറായിരുന്ന 'മുഹമ്മദ്കുട്ടി'.

സിഗരറ്റ് കടം കൊടുക്കാത്തതിന്റെ പേരില്‍ കടയില്‍ നിന്നും വലിച്ചു പുറത്തെടുത്തിട്ട

ഗുണ്ട(ഷൗക്കത്ത് എന്ന ഇതേ ഗുണ്ടയും പിന്നീട് കൂട്ടുകാരില്‍ ഒരാളായി മാറി)യുടെ കയ്യില്‍ നിന്നും എന്നെ രക്ഷിച്ച,മഹാരാഷ്ട്ര ബാസ്കറ്റ്ബോള്‍ ടീമില്‍ അംഗമായിരുന്ന നീണ്ടു മെലിഞ്ഞ് സുമുഖനായ 'നോമന്‍'. അങ്ങിനെയങ്ങിനെ..

ങാ.. ഒരാളെക്കുറിച്ചുകൂടി പറയതിരിക്കാന്‍ വയ്യ.'ദല്‍ഹി ദര്‍ബാര്‍ റെസ്റ്റാറന്റി'ന് മുമ്പില്‍ 'കാംബട്ടലൈനില്‍' ഒരു കെട്ടിടത്തിന്റെ കോണിച്ചുവട്ടില്‍ 'മെസ്സ്' നടത്തിയിരുന്ന 'അലവി'.

ദല്‍ഹി ദര്‍ബാറിന്നടുത്തായത് കൊണ്ടും ഞങ്ങളുടെ പല 'ദര്‍ബാറുകളും' കൂടിയിരുന്നത് ഇവിടെ വച്ചായത് കൊണ്ടും ഞങ്ങള്‍ക്കിത് 'അലവിദര്‍ബാറായിരുന്നു'.

അങ്ങിനെയങ്ങിനെ പേരുകള്‍ മറന്നുപോയെങ്കിലും രൂപം ഓര്‍മ്മയില്‍ തെളിയുന്ന ഇനിയുമെത്രപേര്‍ ആരൊക്കെ,എവിടെയൊക്കെയെന്നാര്‍ക്കറിയാം. ഇത്പോലെ ഇനി ആരെയെങ്കിലും കണ്ടുമുട്ടാന്‍ കഴിയുമോ?.

വര്‍ഷങ്ങള്‍ കടന്നു പോയതറിയുന്നില്ല ഓര്‍ക്കുന്നത് കുറെ സംഭവങ്ങള്‍ മാത്രം.
വെളിയങ്കോട് പുതുപൊന്നാനി പാലത്തിനടിയിലൂടെ വെള്ളമെത്ര
അറ്ബിക്കടലിലേക്കൊഴുകിച്ചേര്‍ന്നു, പൊന്നാനിപ്പുഴയില്‍ നിന്നും മണലെത്ര കോരിത്തീര്‍ന്നു
കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയില്‍ ചമ്മ്രവട്ടം കടവിന്റെ അക്കരെയിക്കരെ പരിഭ്രമത്തോടെ കടന്നിരുന്ന കാലം ഗ്രഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രം,ആ പുഴയിന്നെവിടെ .
'കത്രീന' വന്നു,11/9 സംഭവിച്ചു, സുനാമിവന്നു, ബുഷ് പോയി ഒബാമയും വന്നു, ഇപ്പൊ സാമ്പത്തിക മാന്ദ്യവും.അങ്ങിനെയെന്തൊക്കെ സംഭവിച്ചു. സംഭവിച്ചുകൊണ്ടിരിക്കുന്നു.. .
................................................
.....ഒരു നിശ്ചയവുമില്ലൊന്നിനും
വരുമോരോദശ വന്നപോലെ പോകും(ചങ്ങമ്പുഴ)

ഇരുപതു വര്‍ഷം എന്നത് നീണ്ട ഒരു കാലയളവ് തന്നെയായിരുന്നു.

മൊയ്തീനില്‍ നിന്നും സൈദാലിക്കയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ ഒരു തേങ്ങലുയര്‍ന്നു.കുറെയായി നാട്ടിലായിട്ട് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുണ്ടായ ബോംബെ കലാപത്തില്‍ അദ്ദേഹത്തിന്റെ വണ്ടിയെല്ലാം നഷ്ടപ്പെട്ടിരുന്നു, മാത്രമല്ല പ്രായം നല്‍കിയ അവശതകളും അദ്ദേഹത്തെ ബോംബെ വിടാന്‍ നിര്‍ബന്ധിതനാക്കി കുറച്ചു കാലം രോഗ ശയ്യയിലായ അദ്ദേഹം അധികം താമസിയാതെ മരണപ്പെടുകയും ചെയ്തു.

ജീവിത യാത്രയില്‍ നാം കണ്ടുമുട്ടുന്ന ചിലരെങ്കിലും നമ്മെ പലതും ഓര്‍മ്മിപ്പിച്ചും ചില അനുഭവ പാഠങ്ങള്‍ നകിയും കടന്നു പോകുന്നു.പലരും ഓര്‍മ്മകളില്‍ തെളിയുമ്പോള്‍ മനസ്സിലേവിടെയോ
നേരിയൊരു നൊമ്പരമുയരരുന്നില്ലെ.

ഇന്ന് എത്തിയിടത്തിരുന്ന് ചിന്തിക്കുമ്പോള്‍ സൈദാലിക്കയെപ്പോലെ കഴിഞ്ഞുപോയവരുടെ പല വാക്കുകളുടെയും പ്രസക്തി തിരിച്ചറിയുന്നു,ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളായിരുന്നു അവരുടെയൊക്കെ വാക്കുകളെന്ന്.