പേജുകള്‍‌

2021, ഡിസംബർ 31, വെള്ളിയാഴ്‌ച

കൊറോണക്കാലത്തെ സ്വപ്നം

ലോകത്ത് കൊറോണ ഭീതി പടർത്തിത്തുടങ്ങിയ നാളുകളിലൊന്നിലാണ് വെക്കേഷനും കഴിഞ്ഞ് പ്രവാസത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത്.

എല്ലാ കൂടമാറ്റങ്ങളുടേയും തുടക്കത്തിൽ സാധാരണ ഉണ്ടാകാറുള്ള ജലദോഷവും പനിയും ഇത്തവണയും പതിവ് തെറ്റിച്ചില്ല , കൊറോണ പ്പേടി കാരണം പക്ഷെ ഇപ്രാവശ്യം ഞാൻ പതിവ് തെറ്റിച്ച് ഡോക്ടറെ കണ്ടു.
പിറ്റേന്ന് രാവിലെ ഉണർന്നെണീറ്റപ്പോൾ 'റിസ്ക്' എടുക്കാൻ തയ്യാറല്ലാത്ത ഒരു സഹമുറിയൻ റൂം മാറിപ്പോകാൻ തയ്യാറായി സാധനങ്ങളെല്ലാം പായ്ക്കു ചെയ്തു നിൽക്കുന്നു , പരിസരമെല്ലാം കൊറോണയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വാർത്തകളായത്കൊണ്ട് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. 'ഇനി കൊറോണയാണെങ്കിലും പേടിക്കേണ്ടെന്നും ഞങ്ങൾ കൂടെയുണ്ടെന്നുമുള്ള' കൂടെ താമസിക്കുന്ന മറ്റുള്ളവരുടെ മനസ്സു തൊട്ട ആശ്വാസ വാക്കുകൾ എന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായിരുന്നു ! അങ്ങിനെ മരുന്നു കഴിച്ചില്ലെങ്കിൽ ഏഴു ദിവസം നിൽക്കുമായിരുന്ന പനി മരുന്നു കഴിച്ചത് കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ മാറിക്കിട്ടി.

നാട്ടിൽ കൊറോണക്കെതിരെ ജാഗ്രത പാലിക്കാൻ കർഫ്യൂ വരെ പ്രഖ്യാപിച്ചതറിയുന്നത് ജർഫിലേക്കുള്ള താമസ മാറ്റത്തിനിടെ !
അബൂദാബിയിൽ നിന്ന് വടക്കോട്ട് യാത്ര ചെയ്ത് ദുബൈയും ഷാർജയും കഴിഞ്ഞ് ഇപ്പോൾ അജ്മാനിൽ എത്തി നിൽക്കുന്ന യാത്ര ഇനി എവിടേക്കെന്നറിയില്ല.
പുതിയ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് കാഴ്ച നേരെ ചെന്നെത്തുന്നത് തൊട്ടടുത്ത ഖബർസ്ഥാനിലേക്ക് ,
ശ്മശാനങ്ങളൊക്കെ ഒരു കാലത്ത് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു തന്നിരുന്നത്. മുറ്റത്തെ മാവിൽ നിന്നും, തന്റെ കർമ്മം നിർവ്വഹിച്ചു കാൽച്ചുവട്ടിലേക്ക് കൊഴിഞ്ഞുവീണ ഒരില മരണത്തിന്റെ അനിവാര്യതയാണ് ജീവിതമെന്ന് എത്ര നിസ്സാരമായാണ് എന്നെ ബോധ്യപ്പെടുത്തിയത് !
ആ ബോധ്യമാണ് ശ്മശാനങ്ങളോടുള്ള ഭയമകറ്റിയത്.

വെള്ളിയാഴ്ചയിലെ ഉച്ചവെയിൽ ബബർസ്ഥാന് മുകളിൽ നിശ്ചലമായിക്കിടക്കുന്നു ,  സമയാസമയങ്ങളിലെ മുക്രിയുടെ ബാങ്കു വിളി കഴിഞ്ഞാൽ തൊട്ടടുത്ത പള്ളിയും നിശ്ചലം, ദൈവത്തിനോടും സുല്ലു പറയിപ്പിച്ച് ഒരു പിടിയും തരാതെ കൊറോണയെന്ന ഭീകരൻ !

ആ ദിവസങ്ങളിലൊന്നിലാണ് ഞാൻ പടച്ചോനെ സ്വപ്നം കാണുന്നത് !
നടേ പറഞ്ഞ ചിന്തകളൊക്കെ ഉപബോധ മനസ്സിൽ തങ്ങിനിന്നത് കൊണ്ടാകാം സ്വപ്നവും  അത്തരത്തിലായത് !
തൊട്ടടുത്ത് പള്ളിയുണ്ടായിട്ടും ഖബർസ്ഥാനിലാണ് പടച്ചോൻ വന്നിറങ്ങിയത്. നേരിയ നിലാവുള്ള രാത്രിയായിരുന്നു അന്ന്, ആകാശ യാത്രികരുടെ വേഷത്തിൽ വന്നിറങ്ങിയത് ആരാണെന്ന എന്റെ സംശയം തീർത്തു തന്നത് പടച്ചോൻ തന്നെ. പക്ഷെ കൊറോണയെ പ്രതിരോധിക്കാനാണ് ഈ വേഷത്തിൽ വന്നതെന്ന് പറഞ്ഞപ്പോഴാണ്, 'എന്ത് , പടച്ചോനും കൊറോണപ്പേടിയോ ' എന്ന് ഞാൻ ഞെട്ടിയത്.
പക്ഷെ, ഉണർച്ചയിലേക്ക് ഞെട്ടിയത് പുള്ളിക്കാരന്റെ ആകാശവാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് , ഉണർച്ചക്ക്‌ ശേഷവും ആ പ്രത്യേക ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. ശെരിക്കും സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആ ശബ്ദത്തിന്റെ ഉറവിടം മന:സ്സിലായത് അത് സഹമുറിയന്റെ കൂർക്കംവലിയായിരുന്നു.