പേജുകള്‍‌

2009, ജൂലൈ 20, തിങ്കളാഴ്‌ച

കാണാക്കുരുക്കില്‍.....

കത്തിയമര്‍ന്ന നായിഫ് സൂക്കിന്റെ മുന്നിലൂടെ കടന്നു പോയപ്പോഴാണ്, കുറച്ചുകാലം സഹമുറിയനായിരുന്ന മാഹിക്കാരന്‍ സുഹൃത്ത് ജോലി ചെയ്യുന്ന റെഡിമയ്ഡ് ഷോപ്പ് ഇവിടെ അടുത്താണല്ലൊ എന്നോര്‍ത്തത്. ഏതായാലും ഇതുവരെ വന്നതല്ലെ അവിടെയുണ്ടെങ്കില്‍ ഒന്നു കണ്ടിട്ട് പോകമെന്നു കരുതി.

"അല്ലാ ഇതാരാ.. കുറേയായല്ലൊ കണ്ടിട്ട് എവിട്യാ ഇപ്പൊ" എന്തോ സാധങ്ങള്‍ വാങ്ങാന്‍ കയിറിയ, ജീന്‍സും ടിഷര്‍ട്ടും ധരിച്ച മധ്യവയസ്കനായ അറബിയെ നോക്കുന്നതിനിടയില്‍ കണ്ട പാടെ കുശലാന്വേഷണങ്ങള്‍ തുടങ്ങി.

താന്‍ സൗദിയാണെന്നും, സാധനങ്ങള്‍ക്ക് വില കൂടുതല്‍ പറയുമെന്ന സംശയമാണ് തങ്ങളുടെ വേഷമായ കന്തൂറ(സൗദികള്‍ 'തോപ്പ്'എന്നു പറയും) ധരിക്കാതെ ഈ വേഷത്തിലിറങ്ങാന്‍ കാരണമെന്നും പറയുകയായിരുന്നു അറബി .

"തനിക്കു ചേരാത്ത ഈ വേഷത്തില്‍ സ്വന്തം വില കുറയുന്നത് പക്ഷെ ഇയാളറിയുന്നില്ല" റഫീക്കിന്റെ കമന്റ് എന്നോടായിരുന്നു.

"ഇനി നീ പറയ് എവിടെയാ ഇപ്പൊ കുറേയായല്ലൊ കണ്ടിട്ട്" കസ്റ്റമര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"താമസം ഷാര്‍ജയിലേക്ക് മാറിയതിനു ശേഷം ഈ വഴിക്കധികം വരാറില്ല, ഇടയ്ക്ക് ഒരിക്കലിവിടെ വന്നിരുന്നു നീയപ്പൊ നാട്ടില്‍ പോയതാണെന്നറിഞ്ഞു, എന്നാ നാട്ടീന്ന് തിരിച്ചെത്ത്യേത്"?

"വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. പെങ്ങടെ കല്യാണണ്ടായിരുന്നു അതാണ്ട് കഴിഞ്ഞിട്ടി. ഇപ്പൊ ബാദ്ധ്യതകളൊക്കെ തീര്‍ന്നു. ഇനി കല്യാണത്തിന്റെ വകേല് കുറച്ചു കടങ്ങളൂടി ഭാക്കിണ്ട് അതുകൂടി തീര്‍ന്നുകിട്ടിയാല്‍ സലാമത്തായി" കണ്ണുകളില്‍ ആശ്വാസത്തിനെ തെളിച്ചം, വാക്കുകളില്‍ ആത്മ വിശ്വാസവും.

സ്വന്തം കഥയൊക്കെ നേരത്തെ അവന്‍ പറഞ്ഞിട്ടുണ്ട്.

ബാപ്പ വളരെ നേരത്തെ തന്നെ മരിച്ചതാണ്. ഉമ്മയും രണ്ടു പെങ്ങന്മാരും അനിയനുമടങ്ങിയ കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലായത്കൊണ്ട് സ്കൂള്‍ പഠനം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു. കഠിനാദ്ധ്വനിയായ റഫീക്കിനെ പിന്നെ എല്ലം പഠിപ്പിച്ചത് ജീവിതാനുഭങ്ങളാണ്. മറ്റുകുടുംബ ബന്ധുക്കളില്‍ നിന്നനുഭവിച്ച അവഗണനകളെക്കുറിച്ചു പറയുമ്പോഴും അരോടും പരിഭവമില്ല. തെറ്റിലേക്കു പോകാന്‍ ഒരുപാടു സാഹചര്യങ്ങളുണ്ടായിട്ടും,
അതിലൊന്നും പെട്ടുപോകാതിരുന്നതില്‍ ആശ്വാസം കൊള്ളുന്നു. ആകെ ഉണ്ടായിരുന്നത് സിനിമാഭ്രാന്ത്, കുറേ സിനിമ കാണും അതുമാത്രം.

എന്തിനും തന്റേതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള റഫീക്കിന്റെ ശത്രുപക്ഷത്തുള്ളവരും കറവല്ല. തനിക്ക് ശെരിയെന്നു തോന്നുന്നത് ആരുടെയും മുഖത്ത് നോക്കി തുറന്നു പറയുന്ന സ്വഭാവമാണ് അതിനു കാരണം.

പക്ഷെ തനിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതില്‍ രോഷം കൊള്ളുന്നു. ആ രോഷം സമൂഹത്തില്‍, വിശേഷിച്ച്, നിരുത്സാഹപ്പെടുത്തേണ്ട അനാചാരങ്ങളെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കുന്ന സ്വന്തം സമുദായത്തിലെ പൗരോഹിത്യ വര്‍ഗ്ഗത്തിനെതിരെയായിരുന്നു.

"സ്ത്രീക്ക് അങ്ങോട്ട് 'മഹര്‍' കൊടുത്തേ വിവാഹബന്ധം പടുള്ളൂ എന്നു കല്പിച്ച സമുദായത്തില്‍ തന്നെ സ്വര്‍ണ്ണവും,കാറും,ലക്ഷങ്ങളുമൊക്കെ കിട്ടിയാലെ വിവാഹം നടത്തൂ എന്ന ദുശ്ശാഠ്യം.സ്ത്രീധന സമ്പ്രദായത്തിനെതിരെ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇന്ന് എത്ര വിവാഹങ്ങള്‍ സ്ത്രീധനമില്ലാതെ നടക്കുന്നുണ്ട്?! ആര്‍ഭാട്പൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹമെന്ന ധൂര്‍ത്ത്, അയല്‍ക്കാരന്റെ പണക്കൊഴുപ്പിനൊപ്പമെത്താന്‍ വ്യഗ്രത കാണിക്കുന്ന ദുരഭിമാനം, അല്പമെങ്കിലും ആര്‍ഭാടം കാണിച്ചില്ലെങ്കില്‍ സമൂഹത്തില്‍ താന്‍ ഒറ്റപ്പെടുമോ എന്ന ഭയം, കേരളത്തിലെ ചില പള്ളി മഹല്ലുകളൊക്കെ മുസ്ലിം കല്യാണത്തിന് വീഡിയോ റിക്കാര്‍ഡിംഗ് പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്, അതേ പൗരോഹിത്യമേലാളര്‍ പക്ഷെ സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ, ആര്‍ഭാടപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹ ധൂര്‍ത്തിനെതിരെ എന്തുകൊണ്ടങ്ങിനെയൊരു നിലപാടെടുക്കുന്നില്ല". റഫീക്ക് നിര്‍ത്താതെ വീണ്ടും തുടര്‍ന്നു.

"ഇതെന്തിനാ ചെങ്ങാതീ ഇത്ര ചൂട്" റഫീക്കിന്റെ ചൂട് കണ്ടപ്പോള്‍ ഇടക്കു കയറി ചോദിച്ചു, പക്ഷെ നിറുത്താന്‍ ഭാവമില്ല.

"വിവാദ സാമൂഹ്യപാഠ പുസ്തകത്തിനെതിരെ പള്ളികളിലൂടെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത
സമുദായ നേതൃത്വാവകാശികള്‍ സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ അങ്ങിനെയൊരു നിലപാടെടുത്തിരുന്നുവെങ്കില്‍ സ്വന്തം സമുദായത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അനാചാരങ്ങളും ധൂര്‍ത്തുമൊക്കെ തീര്‍ച്ചയായും ഒരു പരിധിവരെയെങ്കിലും തടയാന്‍ കഴില്ലെയെന്നു ചിന്തിച്ചുപോകുന്നു".

"ഇതിനോടൊക്കെ എതിര്‍പ്പ് തോന്നുന്ന നീയും ഇതൊക്കെതന്നെയല്ലെ ചെയ്തത്"

"അറ'യുടെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കേണ്ടി വന്നു സ്വര്‍ണ്ണത്തിന്റെയും, സ്ത്രീധനത്തിന്റേയും കാര്യത്തില്‍ എന്റെ നിലപാടുകള്‍ കൂറച്ചൊക്കെ നടപ്പാക്കാന്‍ കഴിഞ്ഞെങ്കിലും".

"അതെന്തെ 'കുറച്ചൊക്കെ'യെന്ന്"

"അത് പെങ്കുട്ട്യേള്‍ടെ കാര്യത്തില്‍ വല്ലാതെ കടുമ്പിടുത്തം പിടിച്ചാല്‍ ശെര്യാവൂല"

"ആ, എല്ലാത്തിനിം എതിര്‍ക്കേംചെയ്യും സ്വന്തം കാര്യം വരുമ്പൊ ഓരോ മുടന്തന്‍ ന്യായങ്ങളും,
നീയിപ്പൊ രോഷം കൊണ്ട കാര്യങ്ങളൊക്കെ കുറേ ആള്‍ക്കാര് പറഞ്ഞതും കുറേ ചര്‍ച്ച ചെയ്തതുമൊക്കെയാ പിന്നെ പറയുന്നോര്‍ക്ക് കുറച്ചാശ്വാസം കിട്ടും അത്രതന്നെ"

"ഭായ് എക് ബനിയന്‍ ദോ" പിന്നെയും എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു പഠാണി കയറിവന്നു.

"ജഡ്ഡി ചാഹിയെ" ബനിയന്‍ കൊടുത്തതിന് ശേഷം റഫീക്കിന്റെ ചോദ്യം.

"ചഡ്ഡി, ചഡ്ഡി ഹം ക്യാ കരേഗ" പഠാണിയുടെ മറുപടിയില്‍ ചിരിക്കതിരിക്കാന്‍ കഴിഞ്ഞില്ല.

"അവര്‍ക്ക് ഉപയോഗമില്ലാത്തതെന്തിനാ വേണോന്ന് ചോദിക്ക്ണ് "
റഫീക്കിനോട് യത്രപറഞ്ഞിറങ്ങി.

"ഹല്ലോ..." കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു പിന്‍‌വിളി, പരിചയമുള്ള ശബ്ദം.

"ഹാ.. ഇതാരാ.." തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ട്രോളിയില്‍ അരിച്ചാക്കും മറ്റെന്തൊക്കെയോ സാധനങ്ങളുമായി തള്ളിക്കൊണ്ടുവരുന്ന മൊയ്തീന്‍.

"ഇപ്പൊ ഈ ഭാഗത്തൊന്നും ഇല്ലേ, നട്ടില്‍ പോയിരുന്നോ, കാണ്ടിട്ട് കുറേയായി... "

"എല്ലാങ്കൂടീ ഒരുമിച്ച് ചോദിക്കല്ലെ ഒരോന്നോരോന്ന് ചോദിക്ക്" മൊയ്തീന്റെ നോണ്‍സ്റ്റോപ്പ് ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഇടക്കു കയറി.

"അപ്പൊനിക്ക് മറുപടി കേള്‍ക്കാന്‍ സമയണ്ടാവൂല" കയ്യിലെ ചെറിയ ടവ്വല്‍ കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് മൊയ്തീന്‍ പറഞ്ഞു.

"അതെന്താ തെരക്കിലാ.."

"ഞമ്മക്കെപ്പഴാ തെരക്കില്ലാത്തെ എപ്പഴാ വിളിവരാന്ന് പറയമ്പറ്റൂല"

"സാരെ ജഹാംസെ അച്ഛാ ഹിന്ദൂസ്‌താ ഹമാര ഹമാ..." പിറന്ന നാടിനോടുള്ള ഇഷ്ടം മൊയ്തീന്റെ മൊബൈല്‍ റിംഗ്‌ടോണിലും.

അധികം സംസാരിക്കുന്നതിന് മുമ്പേ പ്രതീക്ഷിച്ച വിളി വന്നു. പ്രയാസപ്പെട്ടു ട്രോളിയും തള്ളിക്കൊണ്ടു പോകുന്ന മൊയ്തീനെ നോക്കി നിന്നപ്പോള്‍ മറ്റൊരു കൂട്ടുകാരന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തി.

കുറച്ചു കാലത്തെ സൗദി ജീവിതം സമ്മാനിച്ച കൂട്ടുകാരില്‍ ഒരാള്‍ ആന്റണി. സദിയിലെത്തിയ ആദ്യ നാളുകളില്‍ ജോലികിട്ടിയത് ഒരു കാര്‍പെറ്റു കടയില്‍. ആരോഗ്യവാന്മാരായ യമനികളുടെ കൂടെ അശുവായി ഒരാന്റണി.

"ഭാരമേറിയ കാര്‍പെറ്റ്റോളുകള്‍ എങ്ങിനെ പൊക്കാന്‍ കഴിയുന്നു" എന്ന ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആന്റണിയുടെ മറുപടി ഇങ്ങിനെ.

"അത് വളരെ ഈസി കാര്‍പ്പെറ്റിന് ഭാരക്കൂടുതല്‍ തോന്നുമ്പോള്‍ ഞാനെന്റെ പ്രരാബ്ദങ്ങളെയും പ്രശ്നങ്ങളേയും കുറിച്ചോര്‍ക്കും അപ്പൊ എനിക്ക് ശക്തി കൂടും അല്ലങ്കില്‍ കര്‍പ്പെറ്റിന്റെ ഭാരം കുറയും
സോസിമ്പിള്‍"

ഇനിയുള്ള ദൂരം താണ്ടാന്‍ ഉത്തേജനം നല്‍കുന്ന അതിജീവനത്തിന്റെ മന്ത്രം.
(ആ സുഹൃത്ത് ഇപ്പോള്‍ നല്ലനിലയിലാണെന്നറിഞ്ഞത് സന്തോഷം തരുന്നു.)

ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ആശ്വസമേകാന്‍ തന്റെ പരിശ്രമങ്ങളൊന്നും മതിയാവുന്നില്ലെന്നറിയുമ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ കണികയാണ് തുടര്‍ന്നുള്ള ജീവിതത്തിന് പ്രേരണയും ഊര്‍ജ്ജവും നല്‍കുന്നത്.

3 അഭിപ്രായങ്ങൾ:

shams പറഞ്ഞു...

ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ആശ്വസമേകാന്‍ തന്റെ പരിശ്രമങ്ങളൊന്നും മതിയാവുന്നില്ലെന്നറിയുമ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ കണികയാണ് തുടര്‍ന്നുള്ള ജീവിതത്തിന് പ്രേരണയും ഊര്‍ജ്ജവും നല്‍കുന്നത്.

veliankodan പറഞ്ഞു...

എടോ ഷംസേ.. തന്റെ ന്മാഹിക്കാരന്‍ സുഹൃത്ത് ഒരു മര മണ്ടനാണെന്ന് തോന്നുന്നല്ലോ, പെങ്ങളെ കെട്ടിച്ചയച്ചു, ഇനി കുറച്ചു കടങ്ങള്‍ കൂടി ഭക്കിയുള്ളത് വീട്ടിക്കഴിഞ്ഞാല്‍ സലാമത്തായി എന്നാണോ ആ പവം പ്രവാസിപ്രാണിയുടെ വിചാരം. ഭാക്കിയുള്ള കടമകളൊക്കെ ആരു നിറവേറ്റും എന്നാണ് ആ മണ്ടശ്ശിരോമണിയുടെ വിചാരം?
പെങ്ങളെ കെട്ടിച്ചു വിട്ടത് മലപ്പുറം ജില്ലയുടെ തെക്കു ഭാഗത്തേക്കോ തൃശൂര്‍ ജില്ലയിലേക്കോ ആണോ? എങ്കില്‍ സഹോദരിയുടെ ദാമ്പത്യ വിജയത്തിന് അത്യാവശ്യം വേണ്ട 'അടുക്കളകാണല്‍'ചടങ്ങ് ആങ്ങളയല്ലാതെ ആരു നിര്‍‌വഹിക്കും?! അധികം വസ്തുവഹകളൊന്നും വേണ്ട. ഒരു ഫ്രിഡ്ജ്, ഒരു ടീവി, ഒരു ഏസി, ഒരു സപ്രമഞ്ചക്കട്ടില്‍, കുറേ തീറ്റക്കോളുകള്‍, പിന്നെ പുത്യാപ്ലയുടെ ഉമ്മാക്ക് പത്തു പവനില്‍ കുറയാത്ത തൂക്കത്തില്‍ ഒരു സ്വര്‍ണപ്പണ്ടം അത്രയേ വേണ്ടൂ.
കല്യാണം കഴിഞ്ഞതേയുള്ളൂ, ഉമ്മയുടെ കത്തോ കുഴല്‍ വിളിയോ വരുമെന്ന് സുഹൃത്തിനോട് പറയണം. "മോനേ നമുക്ക് നബീസൂനെ(പെങ്ങള്‍ക്ക് ഒരു പേരു നല്‍കുകയാണ്) പെറാന്‍ കൊണ്ടരണ്ടേ, മോശാക്കിക്കൂടാ കേട്ടാ". തുടര്‍ന്ന് ഉമ്മ ലിസ്റ്റ് നല്‍കും. അമ്പതിനായിരം ഉറുപ്പികയുടെ ചെമ്പ്, ചെമ്പ് നിറയെ പലഹാരങ്ങള്‍. പിന്നെ ആവുന്നത്ര ലൊട്ടു ലൊടുക്കുകളും. പെറ്റെണീറ്റ് തിരിച്ച് പോകുമ്പോഴും വേണം ഇതൊക്കെ കേട്ടോ. ഈ കിടക്കുന്നതിനും എണീക്കുന്നതിനും ഇടക്കുള്ള 28, 40 ഉം ഒന്നും മറക്കരുതെന്നും സുഹൃത്തിനെ ഓര്‍മ്മിപ്പിക്കണം.

ഇതൊക്കെ കഴിഞ്ഞ് കുറച്ചുകാലം മുന്നോട്ട് പോകും. പിന്നെയാണ് പെങ്ങളെ കെട്ട്യോന്‍ അതായത് അളിയന്‍ വീടുപണി തുടങ്ങുക. അതിനു വേണ്ട സംഖ്യയുടെ പകുതിയെങ്കിലും പേര്‍ഷ്യക്കാരനായ, പെണ്ണിന്റെ ആങ്ങള നല്‍കേണ്ടതല്ലേ. ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. പാതിച്ചെലവ് മാത്രം ഭാര്യാവീട്ടില്‍ നിന്നു വാങ്ങി അളിയന്‍ 'കഷ്ടപ്പെട്ട്' കെട്ടിടം പണിയുക മാത്രമേ ചെയ്യൂ. അതൊരു വീടാകാന്‍ വേണ്ട സാമഗ്രമികളൊക്കെ 'കുടിയിരിക്കലിന്റെ' അന്ന് അങ്ങോട്ടെത്തിക്കാന്‍ സുഹൃത്തിനോട് പറയണം. മേല്പറഞ്ഞ കണക്കുകളൊക്കെ അവതരിപ്പിച്ചത് സുഹൃത്തിന്റെ പെങ്ങള്‍ ബിരുദക്കാരിയാണെങ്കിലും കെട്ട്യോന്‍ എട്ടാം തരത്തിനപ്പുറം കടന്നിട്ടുണ്ടാവില്ല എന്ന ഉറപ്പിലാണ്. അതല്ല, ഇനി വരന്‍ ഉന്നത വിദ്യാഭ്യാസമുള്ളവനും 'ഉയര്‍ന്നു'ചിന്തിക്കുന്നവനുമാണെങ്കില്‍ ഈ ബഡ്ജറ്റില്‍ കുറേക്കൂടി ലക്ഷങ്ങള്‍ - കോടിയായാലും കുഴപ്പമില്ല- വകയിരുത്താന്‍ സുഹൃത്തിനോട് പറയണം.

സമുദായ നേതൃത്വത്തോടുള്ള തന്റെ സുഹൃത്തിന്റെ സമീപനം ശരിയല്ല. ഒന്നിനും കൊള്ളില്ല എന്ന്
രോഷം കൊള്ളുന്ന നേതൃത്വത്തിന്റെ പ്രതിനിധി ഈ വക പരിപാടികളിലൊക്കെ സഹായത്തിനുണ്ടാവുമെന്ന് അവന് ധൈര്യം നല്‍കണം. അടുക്കള കാണലും, പേറുവിളിയും, പെറ്റെണീക്കലും, കുടിയിരിക്കലുമെല്ലാം പടച്ചവന്റെ 'ക്രിഫ'കൊണ്ട് ഒരു എതക്കടും കൂടാതെ
നടന്നു കിട്ടുന്നതിനായി ദുആ ഇരന്നും(പിന്നെ തനിക്കു കിട്ടാനുള്ളത് എരന്നു വാങ്ങിയും)അദ്ദേഹം
കൂടെയുണ്ടാവും.
സുഹൃത്ത് കല്യാണം കഴിച്ചിട്ടില്ലല്ലോ. കല്യാണ സമയം ഇതിനൊക്കെ പകരം വീട്ടാനുള്ള അവസരമായി ഉപയോഗിക്കണം. വിവാഹാലോചനാവേളയില്‍ 'കൊള്ളക്കൊടുക്കലിന്റെ' കണക്കു പറയുമ്പോള്‍ 'പെങ്ങള്‍ക്ക് ചെയ്തതുപോലെയൊക്കെ മതി' എന്നു മാത്രം പറഞ്ഞു ഒഴിഞ്ഞു നിന്നാല്‍ മതി. ബാക്കിയൊക്കെ കാരണവന്മാര്‍ നോക്കിക്കോളും. പല രോഷക്കാരും, അങ്ങിനെയാണല്ലോ തങ്ങള്‍ നേരിടേണ്ടി വന്ന അനീതിയോട് പടപൊരുതി ജയിച്ചിട്ടുള്ളത്.
അതുകൊണ്ട് മറ്റൊരു ഗുണവും കൂടിയുണ്ട്. ഇന്നിപ്പോള്‍ തങ്കളുടെ സുഹൃത്തിന് രോഷം കൊള്ളാന്‍
അവസരം കിട്ടിയതുപോലെ സുഹൃത്തിന്റെ ഭാര്യയാകാന്‍ പോകുന്ന കുട്ടിയുടെ ആങ്ങളക്കും കിട്ടും
രോഷം കൊള്ളാന്‍ ഒരവസരം. തനിക്കു ശേഷവും രോഷം കൊള്ളുന്ന ഒരു യുവാവിനെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്നത് ഒരു മഹത്തായ സേവനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അജ്ഞാതന്‍ പറഞ്ഞു...

പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിച്ചത്. ആശംസകൾ