പേജുകള്‍‌

2007, ഡിസംബർ 31, തിങ്കളാഴ്‌ച

കൂട്ടു കാരനെ ഓര്‍ത്ത്

ഇതൊരു ഓര്‍മ്മക്കുറിപ്പാണ് ,
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പുതു വര്‍ഷപ്പുലരിയില്‍
ആരോടും ഒന്നും പറയാതെ എവിടെയൊ പോയ് മറഞ്ഞ എന്റെ കൂട്ടുകാരനെ ഓര്‍ത്ത് , തന്റെ മരണത്തിന് മുമ്പ് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചു വരുമെന്നോര്‍ത്ത് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവൃദ്ധ മാതാവിനോടൊപ്പം , എന്റെ പ്രിയ കൂട്ടുകാരന് വേണ്ടി ഞാനും .



അനിവാര്യമയൊരു കൂടുമാറ്റത്തിനൊടുവില്‍
‍അങ്ങാടിയിലേക്കന്നാ ഇടവഴിയില്‍
‍ആദ്യമായ് കണ്ടുമുട്ടിനാം ചെറു പുഞ്ചിരിയോടെ
അഗാധമാത്മ ബന്ധത്തിനാരംഭമായതാ ചെറു പുഞ്ചിരി .
നാം നടന്നു തീര്‍ക്കാത്ത പാതയേതുണ്ട് ഗ്രാമത്തില്‍
ചര്‍ച്ചക്കെടുക്കാത്ത വിഷയമേതുണ്ടുലകത്തില്‍ .
പൈങ്കിളികളും കുറ്റാന്വേഷണങ്ങളുമായിരുന്നെന്റെ വായനയെ
ദിശമാറ്റി നീ നവ ചിന്തയിലേക്ക് .
ഈഗോകളിടയുന്ന ഇസങ്ങളും,
വിശ്വാസവൃത്തത്തിനപ്പുറത്തെവിസ്മയങ്ങളുമറിഞ്ഞന്നുഞാന്‍ ,
അരുതുകള്‍ക്കപ്പുറത്തെ കൗതുകങ്ങളില്‍-
ഉള്‍പുളകത്തിന്‍ നിറച്ചാര്‍ത്തുനല്‍കിയ പരീക്ഷണങ്ങളും ,
ഉള്‍ക്കാഴ്ച നല്‍കിയനിന്‍ നിരീക്ഷണങ്ങളും .
ചിരികളില്‍ കൂട്ടായി എനിക്കെന്റെ ദു:ഖങ്ങളിലും നീ ,
നൊമ്പരമുണര്‍ത്തുന്നാ സൗഹൃദസുഗന്ധത്തിന്‍-
നഷ്ടമെന്നുയിരില്‍
ഓര്‍മ്മകളൊഴുകിയെത്തുന്നു ഹൃദയത്തില്‍,
മായ്കാന്‍ കഴിഞ്ഞില്ല കാലത്തിനൊന്നും
മറഞ്ഞതെങ്ങുഞാനറിയാതെ നീ
പറയാതെയെങ്ങുപോയി നീയെന്റെ കൂട്ടുകാരാ ,
തിരികെ വരുമെന്നു തന്നെയെന്നാത്മാവു ചൊല്ലുന്നു ,
വരില്ലെ നീ എവിടെയാണെങ്കിലുമെന്‍ പ്രിയ കൂട്ടുകാരാ.. .

________________________________________________________
നവവല്‍സരാശംസകള്‍:-
2007 സ്നേഹവും അടുപ്പവുമുള്ള ഒരുപാടു പേരുടെ വേര്‍പാടുളില്‍ മനം
നൊന്ത വര്‍ഷം,
പക്ഷെ കടന്നു പോയത് ഒരു പൊന്നുമോനെ കൂടി നല്‍കി സന്തോഷവും ആഹ്ലാദവും പകര്‍ന്നു കൊണ്ടാണ് - നല്ലപാതിക്ക് രണ്ട് ദിവസവും കൂടി ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പുതുവര്‍ഷപ്പുലരിയിലാക്കാമായിരുന്നു - .
എല്ലാ സഹോദരങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ
നല്ല നാളേകളാശംസിക്കുന്നു .

1 അഭിപ്രായം:

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു.

ആ കൂട്ടുകാരന്‍‌ തിരികെ വരെട്ടെ എന്നു പ്രാര്‍‌ത്ഥിയ്ക്കുന്നു.
:)